കൊച്ചി: ഇന്ത്യയുടെ വിജയഗാഥയ്ക്കു സംഭാവന നല്കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിട്ടുള്ള വികസനം, ചികിത്സാ മികവ്, ഡിജിറ്റല്‍ പരിവര്‍ത്തനം, രോഗികള്‍ക്കു ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കുകയെന്ന പൊതുവായ ലക്ഷ്യം എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത്, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് തുടങ്ങിയ പദ്ധതികള്‍ ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്. 94.8 കോടിയിലധികം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കപ്പെടുകയും 5.3 ലക്ഷത്തിലധികം ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അതിന്റെ ആരോഗ്യപരിപാലന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭകളെ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയിട്ടുണ്ടെന്നും ഡോ. ആസാദ് മൂപ്പന് പറഞ്ഞു.